അലക്സാണ്ട്ര കൊളോൻതായ്

 

അന്താരാഷ്ട്ര വനിതാദിനം

ഒരു രണോത്സുക ആഘോഷം

(1920)
 

 


വിവർത്തനം ചെയ്തത്: www.classstruggle.ml
Marxists.org ൽ പ്രസിദ്ധീകരിച്ചത്: 3 ഏപ്രിൽ 2020.


 

 

വനിതാ ദിനം അല്ലെങ്കിൽ വർക്കിംഗ് വിമൻസ് ഡേ എന്നത് അന്താരാഷ്ട്ര ഐക്യദാർഡ്യത്തിന്റെ ദിനമാണ്, തൊഴിലാളിവർഗ സ്ത്രീകളുടെ ശക്തിയും സംഘടനയും അവലോകനം ചെയ്യുന്നതിനുള്ള ദിവസമാണ്.

എന്നാൽ ഇത് സ്ത്രീകൾക്ക് മാത്രമായുള്ള ഒരു പ്രത്യേക ദിവസമല്ല. തൊഴിലാളികൾക്കും കൃഷിക്കാർക്കും എല്ലാ റഷ്യൻ തൊഴിലാളികൾക്കും ലോകത്തെ മുഴുവൻ തൊഴിലാളികൾക്കും ചരിത്രപരവും അവിസ്മരണീയവുമായ ദിവസമാണ് മാർച്ച് 8. 1917 ൽ, ഈ ദിവസം ഫെബ്രുവരിയിലെ മഹത്തായ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. [2] പീറ്റേഴ്‌സ്ബർഗിലെ അധ്വാനിക്കുന്ന സ്ത്രീകളാണ്  വിപ്ലവം ആരംഭിച്ചത്; സാറിനോടും കൂട്ടാളികളോടും എതിർപ്പിന്റെ കൊടി ഉയർത്താൻ ആദ്യം തീരുമാനിച്ചത് അവരാണ്. അതിനാൽ, വനിതാ ദിനം ഞങ്ങൾക്ക്, റക്ഷ്യക്കാർക്ക്, ഇരട്ട ആഘോഷമാണ്.

എല്ലാ തൊഴിലാളിവർഗ്ഗത്തിനും ഇത് ഒരു പൊതു അവധി ദിവസമാണെങ്കിൽ, അതിനെ ഞങ്ങൾ “വനിതാദിനം” എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ് ? എന്തിനാണ് വനിതാ തൊഴിലാളികളെയും കർഷക സ്ത്രീകളെയും ലക്ഷ്യമാക്കി പ്രത്യേക ആഘോഷങ്ങളും മീറ്റിംഗുകളും നടത്തുന്നത് ? ഇത് ഐക്യത്തെ അപകടത്തിലാക്കുന്നില്ലേ ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന്, വനിതാദിനം എങ്ങനെയാണ് വന്നതെന്നും ഏത് ഉദ്ദേശ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചതെന്നും തിരിഞ്ഞു നോക്കേണ്ടതുണ്ട്.

എങ്ങനെ, എന്തുകൊണ്ട് വനിതാ ദിനം സംഘടിപ്പിച്ചു ?

വളരെക്കാലം മുമ്പല്ല, വാസ്തവത്തിൽ ഏകദേശം പത്ത് വർഷം മുമ്പ്, സ്ത്രീ സമത്വത്തെക്കുറിച്ചുള്ള ചോദ്യവും പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്ക് സർക്കാരിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ചോദ്യവും ചർച്ചാവിഷയമായിരുന്നു. എല്ലാ മുതലാളിത്ത രാജ്യങ്ങളിലെയും തൊഴിലാളിവർഗം അധ്വാനിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി: ഈ അവകാശങ്ങൾ അംഗീകരിക്കാൻ ബൂർഷ്വാസി ആഗ്രഹിച്ചില്ല. പാർലമെന്റിൽ തൊഴിലാളിവർഗത്തിന്റെ വോട്ട് ശക്തിപ്പെടുത്തുന്നത് ബൂർഷ്വാസിയുടെ താൽപര്യമായിരുന്നില്ല. എല്ലാ രാജ്യങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവകാശം നൽകുന്ന നിയമങ്ങൾ പാസാക്കുന്നതിനെ അവർ തടസ്സപ്പെടുത്തി.

വടക്കേ അമേരിക്കയിലെ സോഷ്യലിസ്റ്റുകൾ വോട്ടെടുപ്പിനായുള്ള അവരുടെ അവകാശത്തിനായി സ്ഥിരോത്സാഹത്തോടെ പ്രയത്നിച്ചു. 1909 ഫെബ്രുവരി 28 ന് യുഎസ്എയിലെ വനിതാ സോഷ്യലിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് രാഷ്ട്രീയ അവകാശങ്ങൾ ആവശ്യപ്പെട്ട് രാജ്യമെമ്പാടും വലിയ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. ഇത് ആദ്യത്തെ “വനിതാദിനം” ആയിരുന്നു. അങ്ങനെ ഒരു വനിതാദിനം സംഘടിപ്പിക്കുന്നതിനുള്ള  ആദ്യ സംരംഭം അമേരിക്കയിലെ അധ്വാനിക്കുന്ന സ്ത്രീകളുടേതാണ്.

1910 ൽ, തൊഴിലാളി സ്ത്രീകളുടെ രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ, ക്ലാര സെറ്റ്കിൻ [3] ഒരു അന്താരാഷ്ട്ര തൊഴിലാളി വനിതാദിനം സംഘടിപ്പിക്കുന്നതിന്റെ ആവശ്യകത മുന്നോട്ടുവച്ചു. “സ്ത്രീകൾക്കുള്ള വോട്ട് സോഷ്യലിസത്തിനായുള്ള പോരാട്ടത്തിൽ നമ്മുടെ ശക്തിയെ ഒന്നിപ്പിക്കും” എന്ന മുദ്രാവാക്യത്തിൽ എല്ലാ വർഷവും എല്ലാ രാജ്യങ്ങളിലും ഒരേ ദിവസം “വനിതാദിനം” ആഘോഷിക്കണമെന്ന് സമ്മേളനം തീരുമാനിച്ചു. 

ഈ വർഷങ്ങളിൽ, പാർലമെന്റിനെ കൂടുതൽ ജനാധിപത്യപരമാക്കുക, അതായത്, വോട്ടവകാശം വിപുലീകരിക്കുക, സ്ത്രീകൾക്ക് വോട്ട് നൽകുക എന്നിവ ഒരു സുപ്രധാന ചർച്ചാ വിഷയമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുതന്നെ, റഷ്യ ഒഴികെയുള്ള എല്ലാ ബൂർഷ്വാ രാജ്യങ്ങളിലും തൊഴിലാളികൾക്ക് വോട്ടവകാശം ഉണ്ടായിരുന്നു. [4] ഭ്രാന്തരോടൊപ്പം സ്ത്രീകൾ മാത്രമാണ് ഈ അവകാശങ്ങളില്ലാതെ തുടർന്നത്. എന്നിട്ടും, മുതലാളിത്തത്തിന്റെ പരുഷമായ യാഥാർത്ഥ്യം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം ആവശ്യപ്പെട്ടു. ഓരോ വർഷവും ഫാക്ടറികളിലും വർക്ക് ഷോപ്പുകളിലും ജോലി ചെയ്യേണ്ട സ്ത്രീകളുടെ അല്ലെങ്കിൽ സേവകരായും അടിമകളായും ജോലിചെയ്യേണ്ടിവരുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം പ്രവർത്തിക്കുകയും രാജ്യത്തിന്റെ സമ്പത്ത് അവരുടെ കൈകളാൽ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എന്നാൽ സ്ത്രീകൾക്ക് വോട്ടില്ലാതെ തുടർന്നു.

എന്നാൽ യുദ്ധത്തിന് മുമ്പുള്ള അവസാന വർഷങ്ങളിൽ വിലക്കയറ്റം ഏറ്റവും ശാന്തയായ വീട്ടമ്മയെപ്പോലും രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ താല്പര്യം കാണിക്കാനും ബൂർഷ്വാസിയുടെ കൊള്ള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ഉറക്കെ പ്രതിഷേധിക്കാനും നിർബന്ധിതമാക്കി. ഓസ്ട്രിയ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ “വീട്ടമ്മമാരുടെ പ്രക്ഷോഭങ്ങൾ” പതിവായി വർദ്ധിച്ചു.

മാർക്കറ്റിലെ സ്റ്റാളുകൾ തകർക്കുന്നതോ ക്രൂരനായ വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നതോ ഈ സാഹചര്യം മാറ്റുന്നതിനു പര്യാപ്തമല്ലെന്ന് ജോലി ചെയ്യുന്ന സ്ത്രീകൾ മനസ്സിലാക്കി. അത്തരം നടപടി ജീവിതച്ചെലവ് കുറയ്ക്കുന്നില്ലെന്ന് അവർ മനസ്സിലാക്കി.അതിനു സർക്കാരിന്റെ രാഷ്ട്രീയം മാറ്റണം. ഇത് നേടുന്നതിന്, അവകാശങ്ങൾ വിശാലമാക്കുന്നതിന്, തൊഴിലാളിവർഗം ശക്തമാകണം.

അധ്വാനിക്കുന്ന സ്ത്രീകളുടെ വോട്ടുചെയ്യാനുള്ള പോരാട്ടത്തിന്റെ ഒരു രൂപമായി എല്ലാ രാജ്യങ്ങളിലും ഒരു വനിതാദിനം നടത്താൻ തീരുമാനിച്ചു. പൊതു ലക്ഷ്യങ്ങൾക്കായുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര ഐക്യദാർഡ്യത്തിന്റെ ദിനവും സോഷ്യലിസത്തിന്റെ കാഴ്ചപാടിൽ  അധ്വാനിക്കുന്ന സ്ത്രീകളുടെ സംഘടിത ശക്തി അവലോകനം ചെയ്യുന്നതിനുള്ള ദിനവുമാണ്‌ ഈ ദിവസം.


 

ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനം

സോഷ്യലിസ്റ്റ് വനിതകളുടെ രണ്ടാം അന്താരാഷ്ട്ര കോൺഗ്രസിൽ എടുത്ത തീരുമാനം കടലാസിൽ അവശേഷിച്ചില്ല. ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനം 1911 മാർച്ച് 19 ന് നടത്താൻ തീരുമാനിച്ചു.

ഈ തീയതി ക്രമരഹിതമായി തിരഞ്ഞെടുത്തതല്ല. ജർമ്മൻ തൊഴിലാളിവർഗത്തിന് ചരിത്രപരമായ പ്രാധാന്യം ഉള്ളതിനാൽ നമ്മുടെ ജർമ്മൻ സഖാക്കൾ ഈ ദിവസം തിരഞ്ഞെടുത്തു. 1848 ലെ വിപ്ലവത്തിലെ മാർച്ച് 19, പ്രഷ്യൻ രാജാവ് ആദ്യമായി സായുധ ജനതയുടെ ശക്തി തിരിച്ചറിഞ്ഞ ദിവസമാണത്. തൊഴിലാളിവർഗ പ്രക്ഷോഭത്തിന്റെ ഭീഷണിയിൽ അദ്ദേഹം നൽകിയ നിരവധി വാഗ്ദാനങ്ങൾ പിന്നീട് പാലിച്ചില്ല; സ്ത്രീകൾക്ക് വോട്ട് ഏർപ്പെടുത്തുന്നതുൾപ്പെടെ. 

ജനുവരി 11 ന് ശേഷം ജർമ്മനിയിലും ഓസ്ട്രിയയിലും വനിതാ ദിനത്തിനായി ഒരുങ്ങാനുള്ള ശ്രമങ്ങൾ നടന്നു. പ്രകടനത്തിനുള്ള പദ്ധതികൾ അവർ വാക്കാലും പത്രമാധ്യമങ്ങളിലൂടെയും അറിയിച്ചു. വനിതാ ദിനത്തിന് മുമ്പുള്ള ആഴ്ചയിൽ രണ്ട് ജേണലുകൾ പ്രത്യക്ഷപ്പെട്ടു, ജർമ്മനിയിൽ. ഓസ്ട്രിയയിൽ വനിതാ ദിനത്തിനായി എഴുതിയ വിവിധ ലേഖനങ്ങൾ - “സ്ത്രീകളും പാർലമെന്റും,” “ജോലിചെയ്യുന്ന സ്ത്രീകളും മുനിസിപ്പൽ കാര്യങ്ങളും,” “വീട്ടമ്മയ്ക്ക് രാഷ്ട്രീയവുമായി എന്തു ബന്ധമുണ്ട്?”, മുതലായവ - സ്ത്രീകളുടെ തുല്യതയെക്കുറിച്ചുള്ള ചോദ്യം സമഗ്രമായി വിശകലനം ചെയ്തു. എല്ലാ ലേഖനങ്ങളും ഒരേ കാര്യം ഊന്നിപ്പറഞ്ഞു: സ്ത്രീകൾക്ക് അവകാശങ്ങൾ നൽകിക്കൊണ്ട് പാർലമെന്റിനെ കൂടുതൽ ജനാധിപത്യപരമാക്കേണ്ടത് അത്യാവശ്യമാണ്. 

ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനം നടന്നത് 1911 ലാണ്. അതിന്റെ വിജയം എല്ലാ പ്രതീക്ഷകളെയും കവച്ചുവച്ചു. വർക്കിംഗ് വിമൻസ് ഡേയിൽ ജർമ്മനിയും ഓസ്ട്രിയയും സ്ത്രീകളുടെ വിറപ്പിക്കുന്ന ഒരു കടലായിരുന്നു. എല്ലായിടത്തും മീറ്റിംഗുകൾ സംഘടിപ്പിച്ചു - ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിൽ പോലും ഹാളുകൾ നിറഞ്ഞിരുന്നു..സ്ത്രീ തൊഴിലാളികൾക്കായി ഇരിപ്പിടങ്ങൾ ഉപേക്ഷിക്കാൻ പുരുഷ തൊഴിലാളികളോട് ആവശ്യപ്പെടേണ്ടിവന്നു.

തീർച്ചയായും ഇത് അധ്വാനിക്കുന്ന സ്ത്രീ നടത്തിയ രണോത്സുകതയുടെ ആദ്യ പ്രദർശനമായിരുന്നു. ഒരു മാറ്റത്തിനായി പുരുഷന്മാർ കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ചു, അവരുടെ ഭാര്യമാരായ വീട്ടമ്മമാർ യോഗങ്ങൾക്ക് പോയി. 30,000 പേർ പങ്കെടുത്ത ഏറ്റവും വലിയ തെരുവ് പ്രകടനത്തിനിടെ, പ്രകടനക്കാരുടെ ബാനറുകൾ നീക്കംചെയ്യാൻ പോലീസ് തീരുമാനിച്ചു. വനിതാ തൊഴിലാളികൾ പ്രതിരോധ നിലപാട് സ്വീകരിച്ചു. പാർലമെന്റിലെ സോഷ്യലിസ്റ്റ് ഡെപ്യൂട്ടിമാരുടെ സഹായത്തോടെ മാത്രമാണ് രക്തച്ചൊരിച്ചിൽ ഒഴിവാക്കപ്പെട്ടത്.


 

1913 ൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് എട്ടിലേക്ക് മാറ്റി. ഈ ദിവസം തൊഴിലാളി വനിതാ രണോത്സുകതയുടെ ദിനമായി തുടരുന്നു.


 

വനിതാദിനം അനിവാര്യമാണോ ?

വനിതാ ദിനം അമേരിക്കയിലും യൂറോപ്പിലും അതിശയകരമായ ഫലങ്ങൾ ഉണ്ടാക്കി. തൊഴിലാളികൾക്ക് ഇളവുകൾ നൽകാനോ സ്ത്രീകളുടെ ആവശ്യങ്ങളോട് പ്രതികരിക്കാനോ ഒരു ബൂർഷ്വാ പാർലമെന്റ് പോലും ചിന്തിച്ചിരുന്നില്ല എന്നത് ശരിയാണ്. അക്കാലത്ത് ബൂർഷ്വാസിക്ക്  സോഷ്യലിസ്റ്റ് വിപ്ലവം ഒരു ഭീഷണിയായിരുന്നില്ല.

എന്നാൽ വനിതാദിനം പലതും നേടുന്നതിന് കാരണമായി. എല്ലാറ്റിനുമുപരിയായി നമ്മുടെ തൊഴിലാളിവർഗ സഹോദരിമാരിൽ രാഷ്ട്രീയമായി പിന്നാക്കമായവർക്കിടയിൽ ആശയ പ്രചരണത്തിനുള്ള മികച്ച പ്രക്ഷോഭമായി ഇത് മാറി. വനിതാദിനത്തിനായി നീക്കിവച്ച മീറ്റിംഗുകൾ, പ്രകടനങ്ങൾ, പോസ്റ്ററുകൾ, ലഘുലേഖകൾ, പത്രങ്ങൾ എന്നിവയിലേക്ക് ശ്രദ്ധതിരിക്കാൻ അവർക്ക് കഴിയില്ലായിരുന്നു. രാഷ്ട്രീയമായി പിന്നാക്കം നിന്നിരുന്ന ജോലിചെയ്യുന്ന സ്ത്രീ പോലും സ്വയം ചിന്തിച്ചു: “ഇതാണ് ഞങ്ങളുടെ ദിവസം, അധ്വാനിക്കുന്ന സ്ത്രീകൾക്കുള്ള ഉത്സവം”, അവർ യോഗങ്ങളിലേക്കും പ്രകടനങ്ങളിലേക്കും തിടുക്കപ്പെട്ടു പങ്കെടുത്തു. ഓരോ വർക്കിംഗ് വിമൻസ് ഡേയ്ക്കും ശേഷം കൂടുതൽ സ്ത്രീകൾ സോഷ്യലിസ്റ്റ് പാർട്ടികളിൽ ചേർന്നു, ട്രേഡ് യൂണിയനുകൾ വളർന്നു. സംഘടനകൾ മെച്ചപ്പെടുകയും സ്ത്രീ തൊഴിലാളിയുടെ രാഷ്ട്രീയ ബോധം വികസിക്കുകയും ചെയ്തു.

വനിതാ ദിനം മറ്റൊരു കടമകൂടി നിറവേറ്റി; അത് തൊഴിലാളികളുടെ അന്താരാഷ്ട്ര ഐക്യദാർഢ്യം ശക്തിപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ പാർട്ടികൾ സാധാരണയായി ഈ അവസരത്തിൽ പ്രാസംഗികരെ കൈമാറുന്നു: ജർമ്മൻ സഖാക്കൾ ഇംഗ്ലണ്ടിലേക്ക് പോകുന്നു, ഇംഗ്ലീഷ് സഖാക്കൾ ഹോളണ്ടിലേക്ക് പോകുന്നു, ഇതെല്ലാം ഐക്യം വളർത്തുന്നു.

തൊഴിലാളി വനിതാ ദിനത്തിന്റെ ഫലങ്ങളാണിവ. തൊഴിലാളി വനിതാ ദിവസം തൊഴിലാളിവർഗ സ്ത്രീകളുടെ അവബോധവും കൂട്ടായ്മയും വികസിക്കാൻ സഹായിക്കുന്നു. തൊഴിലാളിവർഗത്തിന്റെ മെച്ചപ്പെട്ട ഭാവിക്കായുള്ള പോരാട്ട വിജയത്തിന് അതിന്റെ സംഭാവന അനിവാര്യമാണെന്നാണ് ഇതിനർത്ഥം.


 

റഷ്യയിൽ വനിതാ തൊഴിലാളി ദിനം

റഷ്യയിലെ തൊഴിലാളി സ്ത്രീ ആദ്യമായി 1913 ൽ “വർക്കിംഗ് വിമൻസ് ഡേ” യിൽ പങ്കെടുത്തു. സാറിസം തൊഴിലാളികളെയും കൃഷിക്കാരെയും ഉരുക്കുമുഷ്ടികൊണ്ടു അടക്കിവാണ സമയമായിരുന്നു ഇത്. അന്ന് “തൊഴിലാളി വനിതാദിനം” പരസ്യമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലായിരുന്നു. എന്നാൽ സംഘടിത തൊഴിലാളി സ്ത്രീകൾക്ക് അവരുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കാതിരിക്കാനായില്ല. തൊഴിലാളിവർഗത്തിന്റെ നിയമപരമായ പത്രങ്ങളായ ബോൾഷെവിക് പ്രാവ്ദയും മെൻഷെവിക് ലൂച്ചും അന്താരാഷ്ട്ര വനിതാദിനത്തെക്കുറിച്ച്  ലേഖനങ്ങൾ എഴുതി : [5] അവർ പ്രത്യേക ലേഖനങ്ങളും ഛായാചിത്രങ്ങളും പ്രചരിപ്പിച്ചു. തൊഴിലാളി വനിതാ ദിനത്തിൽ ബെബൽ, സെറ്റ്കിൻ തുടങ്ങിയ സഖാക്കളിൽ നിന്നുള്ള ആശംസകളും പ്രചരിപ്പിച്ചു. [6]

ആ ഇരുണ്ട വർഷങ്ങളിൽ മീറ്റിംഗുകൾ നിരോധിച്ചിരുന്നു. എന്നാൽ പെട്രോഗ്രാഡിൽ, കലാഷൈക്കോവ്സ്കി എക്സ്ചേഞ്ചിൽ, പാർട്ടിയിലെ അംഗങ്ങളായ വനിതാ തൊഴിലാളികൾ “സ്ത്രീ പ്രശ്നം” എന്ന വിഷയത്തിൽ ഒരു രഹസ്യ പൊതുസമ്മേളനം സംഘടിപ്പിച്ചു. അഞ്ച് കോപ്പക്കായിരുന്നു പ്രവേശനം. ഇതൊരു നിയമവിരുദ്ധ മീറ്റിംഗായിരുന്നു, പക്ഷേ ഹാൾ നിറഞ്ഞിരുന്നു. പാർട്ടി അംഗങ്ങൾ സംസാരിച്ചു. എന്നാൽ ഈ മീറ്റിംഗ് പൂർത്തിയായില്ല, അത്തരം നടപടികളിൽ പരിഭ്രാന്തരായി പോലീസ് ഇടപെട്ട് നിരവധി പ്രാസംഗികരെ അറസ്റ്റ് ചെയ്തു.

സാറിസ്റ്റ് അടിച്ചമർത്തലിനു കീഴിൽ ജീവിച്ചിരുന്ന റഷ്യയിലെ സ്ത്രീകൾ വനിതാദിനത്തിൽ പങ്കെടുക്കുന്നതും എങ്ങനെയെങ്കിലും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതും ലോകത്തുടനീളമുള്ള  തൊഴിലാളികൾക്ക് വലിയ പ്രാധാന്യമുള്ള കാര്യമായിരുന്നു. റഷ്യ ഉറക്കമുണർന്നതിന്റെയും സാറിസ്റ്റ് ജയിലുകളും തൂക്കുമരവും തൊഴിലാളികളുടെ പോരാട്ട, പ്രതിഷേധ, മനോഭാവത്തെ ഇല്ലാതാക്കാൻ ശക്തിയില്ലാത്തവയായീ എന്നതിന്റെയും സ്വാഗതാർഹമായ സൂചനയായിരുന്നു അത്.

1914 ൽ റഷ്യയിൽ “വനിതാ തൊഴിലാളി ദിനം” മികച്ച രീതിയിൽ സംഘടിപ്പിച്ചു. തൊഴിലാളികളുടെ രണ്ട് പത്രങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. “വനിതാ തൊഴിലാളി ദിനം” ആഘോഷിക്കുന്നതിനു ഞങ്ങളുടെ സഖാക്കൾ വളരെയധികം പരിശ്രമിച്ചു. പോലീസിന്റെ ഇടപെടൽ കാരണം അവർക്ക് ഒരു പ്രകടനം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. “വനിതാ തൊഴിലാളി ദിന”ത്തിന്റെ ആസൂത്രണത്തിൽ ഏർപ്പെട്ടവരെ സാറിസ്റ്റ് ജയിലുകളിൽ പോലീസ് അടയ്ക്കുകയും, പലരെയും തണുത്ത വടക്കുഭാഗത്തേക്ക് നാടുകടത്തുകയും ചെയ്തു . “അധ്വാനിക്കുന്ന സ്ത്രീകളുടെ വോട്ടിനായി” എന്ന മുദ്രാവാക്യം സ്വാഭാവികമായും റഷ്യയിൽ സാറിസ്റ്റ് സ്വേച്ഛാധിപത്യത്തെ അട്ടിമറിക്കാനുള്ള തുറന്ന ആഹ്വാനമായി മാറിയിരുന്നു.


 

സാമ്രാജ്യത്വ യുദ്ധത്തിൽ വനിതാ തൊഴിലാളി ദിനം

ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികൾ യുദ്ധരക്തത്താൽ മൂടപ്പെട്ടിരുന്നു. [7] 1915 ലും 1916 ലും വിദേശത്ത് “വനിതാ ദിനം” ദുർബലമായ ഒരു കാര്യമായിരുന്നു. റഷ്യൻ ബോൾഷെവിക് പാർട്ടിയുടെ അഭിപ്രായങ്ങൾ പങ്കുവെച്ച ഇടതുപക്ഷ സോഷ്യലിസ്റ്റ് സ്ത്രീകൾ മാർച്ച് എട്ടിനെ യുദ്ധത്തിനെതിരെ അധ്വാനിക്കുന്ന സ്ത്രീകളുടെ പ്രകടനമായി മാറ്റാൻ ശ്രമിച്ചു. ജർമ്മനിയിലെയും മറ്റ് രാജ്യങ്ങളിലെയും വഞ്ചകരായ സോഷ്യലിസ്റ്റ് പാർടിക്കാർ സോഷ്യലിസ്റ്റ് സ്ത്രീകളെ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ അനുവദിച്ചില്ല ; അധ്വാനിക്കുന്ന സ്ത്രീകൾ അന്താരാഷ്ട്ര മീറ്റിംഗുകൾ നടത്താൻ ആഗ്രഹിക്കുന്ന നിഷ്പക്ഷ രാജ്യങ്ങളിലേക്ക് പോകാനും ബൂർഷ്വാസിയുടെ എതിർപ്പിനിടയിലും അന്താരാഷ്ട്ര ഐക്യദാർഡ്യo നിലനിൽക്കുന്നുവെന്ന് കാണിക്കാനും തീരുമാനിച്ചു. എന്നാൽ സോഷ്യലിസ്റ്റ് സ്ത്രീകൾക്ക് പാസ്‌പോർട്ട് നിരസിച്ചു.

1915-ൽ നോർവേയിൽ മാത്രമാണ് അവർക്ക് വനിതാ ദിനത്തിൽ ഒരു അന്താരാഷ്ട്ര പ്രകടനം സംഘടിപ്പിക്കാൻ കഴിഞ്ഞത്; റഷ്യയിൽ നിന്നും നിഷ്പക്ഷ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. അന്ന് റഷ്യയിൽ ഒരു വനിതാ ദിനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലായിരുന്നു, കാരണം ഇവിടെ സാറിസത്തിന്റെ സൈനിക യന്ത്രത്തിന്റെ ശക്തി അനിയന്ത്രിതമായിരുന്നു.

1917 ലെ മഹത്തായ വർഷം വന്നു. പട്ടിണിയും തണുപ്പും യുദ്ധത്തിന്റെ കടുത്ത പരീക്ഷണങ്ങളും റഷ്യയിലെ വനിതാ തൊഴിലാളികളുടെയും കർഷക സ്ത്രീകളുടെയും ക്ഷമയെ തകർത്തു. 1917 ൽ, മാർച്ച് എട്ടിന് (ഫെബ്രുവരി 23), വർക്കിംഗ് വിമൻസ് ഡേയിൽ, അവർ ധൈര്യത്തോടെ പെട്രോഗ്രാഡിലെ തെരുവുകളിൽ അണിചേർന്നു. ചിലർ തൊഴിലാളികൾ, ചിലർ സൈനികരുടെ ഭാര്യമാർ. “ഞങ്ങളുടെ കുട്ടികൾക്കായി അപ്പം”, “ഞങ്ങളുടെ ഭർത്താക്കന്മാർ യുദ്ധകിടങ്ങുകളിൽ നിന്ന് മടങ്ങിവരൽ” തുടങ്ങിയവ അവർ ആവശ്യപ്പെട്ടു. ഈ നിർണായക സമയത്ത് അധ്വാനിക്കുന്ന സ്ത്രീകളുടെ പ്രതിഷേധം അധികാരികളെ വിറപ്പിച്ചു. സാറിസ്റ്റ് സുരക്ഷാ സേന പോലും കലാപകാരികൾക്കെതിരെ പതിവ് നടപടികൾ സ്വീകരിക്കാൻ ധൈര്യപ്പെട്ടില്ല, മറിച്ച് ജനങ്ങളുടെ കോപത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് ആശയക്കുഴപ്പത്തിലായി.

1917 ലെ വനിതാ ദിനം ചരിത്രത്തിൽ അവിസ്മരണീയമാണ്. ഈ ദിവസം റഷ്യൻ സ്ത്രീകൾ ലോക തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ പന്തം ഉയർത്തി തീകൊളുത്തി. ഫെബ്രുവരി വിപ്ലവം ഈ ദിവസം മുതൽ അതിന്റെ ആരംഭം അടയാളപ്പെടുത്തുന്നു.


 

യുദ്ധത്തിൽ അണിചേരാനുള്ള  ആഹ്വാനം

സ്ത്രീകളുടെ രാഷ്ട്രീയ സമത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടങ്ങൾക്കാണ് പത്തുവർഷം മുമ്പ് "വർക്കിംഗ് വിമൻസ് ഡേ" ആദ്യമായി സംഘടിപ്പിച്ചത്. റഷ്യയിലെ തൊഴിലാളിവർഗ സ്ത്രീകൾ ഈ ലക്ഷ്യം നേടി. സോവിയറ്റ് റിപ്പബ്ലിക്കിൽ അധ്വാനിക്കുന്ന സ്ത്രീകളും കൃഷിക്കാരും തുല്യരാണ്. വോട്ടവകാശത്തിനും അവകാശങ്ങൾക്കും വേണ്ടി അവർക്ക് പോരാടേണ്ട ആവശ്യമില്ല. അവർ ഇതിനകം തന്നെ ഈ അവകാശങ്ങൾ നേടിയിട്ടുണ്ട്. റഷ്യൻ തൊഴിലാളികളും സ്ത്രീതൊഴിലാളികളും തുല്യ പൗരരാണ്. മെച്ചപ്പെട്ട ജീവിതത്തിനായുള്ള പോരാട്ടം എളുപ്പമാക്കുന്നതിനുള്ള ശക്തമായ ആയുധമാണ് അവരുടെ കൈകളിൽ വോട്ട അവകാശവും സോവിയറ്റുകളിലും എല്ലാ കൂട്ടായ സംഘടനകളിലും പങ്കെടുക്കുക തുടങ്ങിയവയ്ക്കുള്ള അവകാശങ്ങളും. [8]

എന്നാൽ അവകാശങ്ങൾ മാത്രം പോരാ. അവ ഉപയോഗിക്കാൻ നാം പഠിക്കണം. അവകാശങ്ങൾ നമ്മുടെ സ്വന്തം നേട്ടത്തിനും തൊഴിലാളി റിപ്പബ്ലിക്കിന്റെ നന്മയ്ക്കും വേണ്ടി ഉപയോഗിക്കേണ്ടുന്ന ഒരു ആയുധമാണ്. സോവിയറ്റ് ശക്തിയുടെ രണ്ട് വർഷങ്ങളിൽ ജീവിതം തന്നെ പൂർണ്ണമായും മാറി എന്നല്ല. കമ്മ്യൂണിസത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രക്രിയയിലാണ് നമ്മൾ, ഇരുണ്ടതും അടിച്ചമർത്തുന്നതുമായ ഭൂതകാലത്തിൽ നിന്ന് നമുക്ക് പാരമ്പര്യമായി ലഭിച്ച ലോകത്താൽ സ്ത്രീകൾ ചുറ്റപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെ, വീട്ടുജോലികളുടെ, വേശ്യാവൃത്തിയുടെ ചങ്ങലകൾ ഇപ്പോഴും ജോലിചെയ്യുന്ന സ്ത്രീയെ വരിഞ്ഞ്നില്ക്കുന്നു. റഷ്യയെ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് സമൂഹമാക്കി മാറ്റുന്നതിന് തൊഴിലാളി സ്ത്രീകളും കർഷക സ്ത്രീകളും അവരുടെ എല്ലാ ഊർജ്ജവും ചെലുത്തുകയാണെങ്കിൽ ഈ അവസ്ഥയിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും ജീവിതത്തിൽ തുല്യത കൈവരിക്കാനും കഴിയും.

ഇത് വേഗത്തിലാക്കാൻ, റഷ്യയുടെ തകർന്ന സമ്പദ്‌വ്യവസ്ഥയെ നമ്മൾ ആദ്യം ശരിയാക്കണം. നമ്മുടെ ഏറ്റവും അടിയന്തിരമായ രണ്ട് ജോലികൾ നിറവേറ്റാൻ  നാം ശ്രദ്ധിക്കണം - നന്നായി സംഘടിതവും രാഷ്ട്രീയ ബോധവുമുള്ള തൊഴിൽ ശക്തി സൃഷ്ടിക്കുക, ഗതാഗതം പുന -സ്ഥാപിക്കുക. തൊഴിൽ സേന നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ നമുക്ക് ഒരിക്കൽ കൂടി സ്റ്റീം എഞ്ചിനുകൾ ലഭിക്കും; റെയിൽവേ പ്രവർത്തിക്കാൻ തുടങ്ങും. ഇതിനർത്ഥം അധ്വാനിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും അവർക്കാവശ്യമായ അപ്പവും വിറകും ലഭിക്കും.

ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത് കമ്മ്യൂണിസത്തിന്റെ വിജയത്തെ വേഗത്തിലാക്കും. കമ്മ്യൂണിസത്തിന്റെ വിജയത്തോടെ സ്ത്രീകളുടെ സമ്പൂർണ്ണവും അടിസ്ഥാനപരവുമായ സമത്വം വരും. അതുകൊണ്ടാണ് ഈ വർഷം “വർക്കിംഗ് വിമൻസ് ഡേ” യുടെ സന്ദേശം ഇങ്ങനെ ആയിരിക്കേണ്ടത്: “ജോലി ചെയ്യുന്ന സ്ത്രീകൾ, കർഷക സ്ത്രീകൾ, അമ്മമാർ, ഭാര്യമാർ, സഹോദരിമാർ,  അപ്പത്തിനും വിറകിനും അസംസ്കൃത വസ്തുക്കൾക്കുമായി സമരം ചെയ്യുന്ന എല്ലാവരും,           റെയിൽ‌വേയുടെ കുഴപ്പങ്ങൾ മറികടക്കുന്നതിനും ഗതാഗതം പുനർസ്ഥാപിക്കുന്നതിനും തൊഴിലാളികളെയും സഖാക്കളെയും സഹായിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും  അണിചേരുക. "

കഴിഞ്ഞ വർഷം വനിതാ തൊഴിലാളികളുടെ ദിനത്തിന്റെ മുദ്രാവാക്യം ഇതായിരുന്നു: “എല്ലാം റെഡ് ഫ്രണ്ടിന്റെ വിജയത്തിലേക്ക്.” [9] ഇപ്പോൾ ഞങ്ങൾ ജോലിചെയ്യുന്ന സ്ത്രീകളെ രക്തരഹിതമായ ഒരു പുതിയ മുന്നണിയിൽ പ്രവർത്തിക്കാൻ ആഹ്വാനംചെയ്യുന്നു - ലേബർ ഫ്രണ്ട്! സംഘടിതവും അച്ചടക്കമുള്ളതും ആത്മത്യാഗത്തിനു തയ്യാറായതുമായതിനാൽ ചുവന്ന സൈന്യം ബാഹ്യശത്രുവിനെ പരാജയപ്പെടുത്തി. സംഘടന, കഠിനാധ്വാനം,  അച്ചടക്കം, ആത്മത്യാഗം എന്നിവയിലൂടെ തൊഴിലാളി റിപ്പബ്ലിക്ക് ആഭ്യന്തര ശത്രുവിനെയും, അതായത് ഗതാഗതത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും തകിടംമറിച്ചിൽ, വിശപ്പ്, തണുപ്പ്, രോഗം, തുടങ്ങിയവയേയും  മറികടക്കും. 

“രക്തരഹിതമായ തൊഴിലാളി മുന്നണിയിലെ വിജയത്തിലേക്ക് എല്ലാവരും ഒത്തുചേരുക! ഈ വിജയത്തിലേക്ക് എല്ലാവരും! "


 

തൊഴിലാളി വനിതാദിനത്തിന്റെ പുതിയ ചുമതലകൾ

ഒക്ടോബർ വിപ്ലവം പൗരാവകാശങ്ങളെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് പുരുഷന്മാരുമായി തുല്യത നൽകി. റഷ്യൻ തൊഴിലാളിവർഗ്ഗത്തിലെ സ്ത്രീകൾ, വളരെക്കാലം മുമ്പ് ഏറ്റവും നിർഭാഗ്യകളും അടിച്ചമർത്തപ്പെട്ടവരുമായിരുന്നു.  ഇപ്പോൾ തൊഴിലാളിവർഗ്ഗത്തിന്റെ സ്വേച്ഛാധിപത്യം സ്ഥാപിക്കുന്നതിലൂടെ രാഷ്ട്രീയ സമത്വത്തിലേക്കുള്ള പാത സോവിയറ്റ് അധികാരം തുറന്നിരിക്കുന്നു എന്ന് ഇപ്പോൾ സോവിയറ്റ് റിപ്പബ്ലിക്കിൽ തലയുയർത്തി നിൽക്കുന്ന സ്ത്രീ സഖാക്കൾക്ക് മറ്റ് രാജ്യങ്ങളിലെ സഖാക്കളോട് അഭിമാനത്തോടെ കാണിച്ചുകൊടുക്കാൻ കഴിയും. 

സ്ത്രീകൾ ഇപ്പോഴും അമിത ജോലിയും നിരാലംബരുമായിരിക്കുന്ന മുതലാളിത്ത രാജ്യങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്തമാണ്. ഈ രാജ്യങ്ങളിൽ അധ്വാനിക്കുന്ന സ്ത്രീയുടെ ശബ്ദം ദുർബലവും നിർജീവവുമാണ്. വിവിധ രാജ്യങ്ങളിൽ - നോർ‌വെ, ഓസ്‌ട്രേലിയ, ഫിൻ‌ലാൻ‌ഡ്, വടക്കേ അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ - യുദ്ധത്തിന് മുമ്പുതന്നെ സ്ത്രീകൾ പൗരാവകാശം നേടിയിരുന്നു എന്നത് ശരിയാണ്. [10]

ജർമ്മനിയിൽ, കൈസറിനെ പുറത്താക്കുകയും “വിട്ടുവീഴ്ചക്കാരുടെ” നേതൃത്വത്തിൽ ഒരു ബൂർഷ്വാ റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്ത ശേഷം [11] മുപ്പത്തിയാറ് സ്ത്രീകൾ പാർലമെന്റിൽ പ്രവേശിച്ചു - പക്ഷേ ഒരു കമ്മ്യൂണിസ്റ്റ് പോലും പ്രവേശിക്കപ്പെട്ടില്ല !

 

1919 ൽ ഇംഗ്ലണ്ടിൽ ഒരു സ്ത്രീ ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ആരായിരുന്നു ഈ സ്ത്രീ? ഒരു “മാന്യസ്ത്രീ." അതിനർത്ഥം ഒരു ഭൂവുടമ, ഒരു പ്രഭ്വി. [12]

 

ഫ്രാൻസിലും സ്ത്രീകൾക്ക് വോട്ടവകാശം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഈയിടെ ചോദ്യം ഉയർന്നുവരുന്നുണ്ട്.

 

എന്നാൽ ബൂർഷ്വാ പാർലമെന്റുകളുടെ ചട്ടക്കൂടിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ അവകാശങ്ങൾ കൊണ്ട്‌ എന്ത് പ്രയോജനമാണ് ? 

അധികാരം മുതലാളിമാരുടെയും സ്വത്തുടമകളുടെയും കൈകളിലാണെങ്കിൽ, ഒരു രാഷ്ട്രീയ അവകാശവും തൊഴിലാളി സ്ത്രീയെ വീട്ടിലേയും  സമൂഹത്തിലേയും പരമ്പരാഗത അടിമത്തത്തിൽ നിന്നും രക്ഷിക്കുകയില്ല.

 തൊഴിലാളിവർഗത്തിനിടയിൽ ബോൾഷെവിക് ആശയങ്ങൾ വളർന്നുവരുന്ന സാഹചര്യത്തിൽ, ഫ്രഞ്ച് ബൂർഷ്വാസി തൊഴിലാളിവർഗത്തിലേക്ക് മറ്റൊരു തുണ്ട്  എറിയാൻ തയ്യാറാണ്: സ്ത്രീകൾക്ക് വോട്ട് നൽകാൻ അവർ തയ്യാറാണ്. [13]


 

മിസ്റ്റർ ബൂർഷ്വാ, സർ - ഇത് വളരെ വൈകി !

റഷ്യൻ ഒക്ടോബർ വിപ്ലവത്തിന്റെ അനുഭവത്തിനുശേഷം, ഫ്രാൻസിലും ഇംഗ്ലണ്ടിലും മറ്റ് രാജ്യങ്ങളിലുമുള്ള ഓരോ തൊഴിലാളി സ്ത്രീക്കും തൊഴിലാളിവർഗത്തിന്റെ സ്വേച്ഛാധിപത്യം മാത്രമേ , സോവിയറ്റുകളുടെ ശക്തിക്ക് മാത്രമേ സമ്പൂർണ്ണ സമത്വം ഉറപ്പാക്കാൻ കഴിയൂ എന്ന് വ്യക്തമാണ്.  കമ്യൂണിസത്തിന്റെ ആത്യന്തിക വിജയം അടിച്ചമർത്തലിന്റെയും അവകാശങ്ങളുടെ അഭാവത്തിന്റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ചങ്ങലകൾ പൊട്ടിച്ചെറിയും. ബൂർഷ്വാ പാർലമെന്റുകളുടെ മേധാവിത്വത്തെ മുൻനിർത്തി സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടുന്നതിനുള്ള ദൗത്യം  “അന്താരാഷ്ട്ര തൊഴിലാളി വനിതാദിനത്തിനു”  നേരത്തെ ഉണ്ടായിരുന്നെങ്കിൽ, തൊഴിലാളിവർഗത്തിന് ഇപ്പോൾ ഒരു പുതിയ ദൗത്യമുണ്ട്: മൂന്നാം ഇന്റർനാഷണൽ പറഞ്ഞതുപോലെ തൊഴിലാളി സ്ത്രീകളെ പോരാട്ട മുദ്രാവാക്യങ്ങളിൽ സംഘടിപ്പിക്കുക. ബൂർഷ്വാ പാർലമെന്റിന്റെ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനുപകരം, റഷ്യയിൽ നിന്നുള്ള വിളി ശ്രദ്ധിക്കുക .

“എല്ലാ രാജ്യങ്ങളിലെയും അധ്വാനിക്കുന്ന സ്ത്രീകളെ! ലോകത്തെ കൊള്ളയടിക്കുന്നവർക്കെതിരായ പോരാട്ടത്തിൽ ഒരു ഐക്യ തൊഴിലാളിവർഗ മുന്നണി സംഘടിപ്പിക്കുക! 

 

ബൂർഷ്വാസിയുടെ പാർലമെന്ററിസവുമായി തെറ്റിപ്പിരിയുക ! 

സോവിയറ്റ് ശക്തിയെ സ്വാഗതം ചെയ്യുക! 

അധ്വാനിക്കുന്ന പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന അസമത്വങ്ങളിൽ നിന്ന് വിമോചിതരാകുക!

 ലോക കമ്മ്യൂണിസത്തിന്റെ വിജയത്തിനായി തൊഴിലാളിവർഗം പോരാടുക! ”

 

പുതിയ ക്രമം നേരിട്ട പരീക്ഷണങ്ങൾക്കിടയിൽ, ആഭ്യന്തരയുദ്ധഘട്ടത്തിൽ ആണ് ഈ വിളി ആദ്യമായി കേട്ടത്. മറ്റ് രാജ്യങ്ങളിലെ അധ്വാനിക്കുന്ന സ്ത്രീകൾ ഇത് കേൾക്കുകയും അതവരുടെ ഹൃദയത്തിൽ  മുഴങ്ങുകയും ചെയ്യും. ജോലിചെയ്യുന്ന സ്ത്രീ ഈ വിളി ശരിയാണെന്ന് തിരിച്ചറിയുകയും ചെയ്യും. കുറച്ച് പ്രതിനിധികളെ പാർലമെന്റിലേക്ക് അയച്ചാൽ അവരുടെ ജീവിതം എളുപ്പമാകുമെന്നും മുതലാളിത്ത അടിച്ചമർത്തൽ ഒരു പരിധിവരെ സഹിക്കാവുന്നതാണെന്നും അടുത്ത കാലം വരെ അവർ കരുതിയിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് മറ്റു പലതും അറിയാം.

മുതലാളിത്തത്തെ അട്ടിമറിക്കുകയും സോവിയറ്റ് അധികാരം സ്ഥാപിക്കുകയും വഴി മാത്രമേ  മുതലാളിത്ത രാജ്യങ്ങളിലെ അധ്വാനിക്കുന്ന സ്ത്രീകൾ  അനുഭവിക്കുന്ന കഠിനമായ കഷ്ടപ്പാടുകളുടെയും അപമാനങ്ങളുടെയും അസമത്വത്തിന്റെയും ലോകത്തിൽ നിന്ന് തങ്ങൾക്ക് രക്ഷയുള്ളൂ എന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു. “തൊഴിലാളി വനിതാദിനം” വോട്ടവകാശത്തിനായുള്ള പോരാട്ടത്തിന്റെ ഒരു ദിവസത്തിൽ നിന്ന് സ്ത്രീകളുടെ സമ്പൂർണ്ണമായ വിമോചനത്തിനായുള്ള ഒരു അന്താരാഷ്ട്ര പോരാട്ട ദിനമായി മാറിയിരിക്കുന്നു , അതിനർത്ഥം സോവിയറ്റുകളുടെ വിജയത്തിനും കമ്മ്യൂണിസത്തിനും വേണ്ടിയുള്ള പോരാട്ടമായി അതു മാറിയിരിക്കുന്നു എന്നാണ് !

 

സ്വകാര്യസ്വത്തിന്റെ ലോകത്തെയും മുതലാളിത്തത്തിന്റെ അധികാരത്തെയും തകർക്കുക !

 

അസമത്വത്തിൽ നിന്ന് വിമോചിതരാവുക, അസമത്വം, അവകാശനിഷേധം, സ്ത്രീകളെ അടിച്ചമർത്തൽ - ബൂർഷ്വാ ലോകത്തിന്റെ ഈ ഔസത്യുകൾ നശിക്കട്ടെ! 
 

ഇരു ലിംഗങ്ങളിലേയുംതൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യത്തിനായുള്ള പോരാട്ടത്തിൽ അധ്വാനിക്കുന്ന സ്ത്രീകളുടെയും പുരുഷ തൊഴിലാളികളുടെയും അന്താരാഷ്ട്ര ഐക്യത്തിലേക്ക് മുന്നേറുക..


 


 

                         -------------------


 

കുറിപ്പുകൾ : 2. സാറിസ്റ്റ് റഷ്യ ഇപ്പോഴും മധ്യകാലഘട്ടത്തിലെ പഴയ “ജൂലിയൻ” കലണ്ടർ ഉപയോഗിച്ചു, ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്ന “ഗ്രിഗോറിയൻ” കലണ്ടറിന് 13 ദിവസം പിന്നിലായിരുന്നു. അങ്ങനെ മാർച്ച് 8 പഴയ കലണ്ടറിൽ “ഫെബ്രുവരി 23” ആയിരുന്നു. അതുകൊണ്ടാണ് 1917 മാർച്ചിലെ വിപ്ലവത്തെ “ഫെബ്രുവരി വിപ്ലവം” എന്നും 1917 നവംബറിലെ “ഒക്ടോബർ വിപ്ലവം” എന്നും വിളിക്കുന്നത്.

3. ക്ലാര സെറ്റ്കിൻ ജർമ്മൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവും അന്താരാഷ്ട്ര തൊഴിലാളി വനിതാ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവുമായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബർഗ് ടെക്സ്റ്റൈൽ തൊഴിലാളികളെ പ്രതിനിധീകരിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രതിനിധിയായിരുന്നു കൊല്ലൊണ്ടായി.

4. ഇത് കൃത്യമല്ല. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ അവിദഗ്ദ്ധ തൊഴിലാളികളിൽ ബഹുഭൂരിപക്ഷത്തിനും വോട്ടുചെയ്യാൻ കഴിഞ്ഞില്ല. അമേരിക്കൻ ഐക്യനാടുകളിലെ തൊഴിലാളിവർഗ പുരുഷന്മാരിൽ ഒരു ചെറിയ ശതമാനം പേർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ല - പ്രത്യേകിച്ചും കുടിയേറ്റ പുരുഷന്മാർ. യുഎസിന്റെ തെക്ക് ഭാഗത്ത് കറുത്തവരെ പലപ്പോഴും വോട്ടുചെയ്യുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലെയും മധ്യവർഗ വോട്ടവകാശ പ്രസ്ഥാനങ്ങൾ തൊഴിലാളിവർഗ സ്ത്രീകൾക്കോ ​​പുരുഷന്മാർക്കോ വോട്ട് നൽകാൻ പോരാടിയില്ല.

 

5. 1903 ലെ കോൺഗ്രസിൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി രണ്ട് ചിറകുകളായി വിഭജിക്കപ്പെട്ടു, ബോൾഷെവിക്കുകൾ (റഷ്യൻ ഭാഷയിൽ “ഭൂരിപക്ഷം” എന്നാണ് അർത്ഥമാക്കുന്നത്), മെൻഷെവിക്കുകൾ (“ന്യൂനപക്ഷം” എന്നർത്ഥം) 1903 നും 1912 നും ഇടയിലുള്ള കാലഘട്ടത്തിൽ ( വിഭജനം ശാശ്വതമായിത്തീർന്നു) രണ്ട് ചിറകുകളും ഒരുമിച്ച് പ്രവർത്തിച്ചു, കുറച്ചുകാലം ഏകീകൃതമായി, വീണ്ടും പിരിഞ്ഞു. മുഴുവൻ പ്രാദേശിക സംഘടനകളും ഉൾപ്പെടെ നിരവധി സോഷ്യലിസ്റ്റുകൾ രണ്ട് ചിറകുകളുമായി പ്രവർത്തിക്കുകയോ തർക്കങ്ങളിൽ നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കുകയോ ചെയ്തു. കൊളോണ്ടായി, 1899മുതൽ

6. സജീവമായ സോഷ്യലിസ്റ്റും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയവരുമായിരുന്നു , ആദ്യം കക്ഷികളിൽ നിന്ന് സ്വതന്ത്രയായിരുന്നു, പിന്നീട് വർഷങ്ങളോളം മെൻഷെവിക്കായി മാറി.1915 ൽ ബോൾഷെവിക്കുകളിൽ ചേർന്നു, അവരുടെ കേന്ദ്ര കമ്മിറ്റിയിലെ ഏക വനിതാ അംഗമായി. സോവിയറ്റ് റിപ്പബ്ലിക്കിന്റെ ക്ഷേമ കമ്മീഷണറായും ബോൾഷെവിക് പാർട്ടിയുടെ വനിതാ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു.


 

6. ഓഗസ്റ്റ് ബെബൽ (1840-1913) ജർമ്മൻ സോഷ്യൽ-ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായിരുന്നു. മാർക്സിസവും സ്ത്രീകളും എന്ന അദ്ദേഹത്തിന്റെ പുസ്തകം സ്ത്രീകൾ സോഷ്യലിസത്തിൽ എന്ന പേരിൽ ഇംഗ്ലീഷിലും പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

7. 1914 ൽ യുദ്ധം തുടങ്ങിയപ്പോൾ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ വൻ പിളർപ്പ് ഉണ്ടായി. ജർമ്മനി, ഓസ്ട്രിയ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഭൂരിപക്ഷം സോഷ്യൽ ഡെമോക്രാറ്റുകളും യുദ്ധത്തെ പിന്തുണച്ചു. മറ്റ് സോഷ്യലിസ്റ്റുകളായ കൊളോണ്ടായി, ലെനിൻ, റഷ്യയിലെ ബോൾഷെവിക് പാർട്ടി, ട്രോട്‌സ്കി, ജർമ്മനിയിലെ ക്ലാര സെറ്റ്കിൻ, റോസ ലക്സംബർഗ്, അമേരിക്കയിലെ യൂജിൻ ഡെബ്സ് എന്നിവരാണ് എതിർത്തവർ, യുദ്ധ അനുകൂല സോഷ്യലിസ്റ്റുകളെ അധ്വാനിക്കുന്ന വർഗ്ഗ തൊഴിലാളി വിപ്ലവത്തിനായുള്ള പോരാട്ട രാജ്യദ്രോഹികളെന്ന് വിളിക്കപ്പെട്ടു.

8. “സോവിയറ്റ്” എന്ന വാക്കിന്റെ അർത്ഥം “കൗൺസിൽ” എന്നാണ്. ഫാക്ടറി, അയൽപക്ക മീറ്റിംഗുകളിൽ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും അവരുടെ സഹോദരി, സഹോദരൻ തൊഴിലാളികൾ നിയന്ത്രിക്കുകയും ചെയ്യുന്ന ജനാധിപത്യ സ്ഥാപനങ്ങളാണ് സോവിയറ്റുകൾ അഥവാ തൊഴിലാളി സമിതികൾ. സോവിയറ്റുകളുടെ പ്രതിനിധികൾ അവരുടെ നിയോജകമണ്ഡലത്തിലേക്ക് തിരികെ റിപ്പോർട്ടു ചെയ്യുകയും ഉടനടി തിരിച്ചുവിളിക്കുകയും ചെയ്യും.

9. 1917 ഒക്ടോബർ / നവംബർ മാസങ്ങളിൽ തൊഴിലാളിവർഗം അധികാരം പിടിച്ചെടുത്തതിനുശേഷം റഷ്യൻ തൊഴിലാളി ഭരണകൂടം രണ്ട് പ്രധാന പ്രശ്‌നങ്ങൾ നേരിട്ടു. അതിലൊന്ന് അമേരിക്ക ഉൾപ്പെടെ പതിമൂന്ന് രാജ്യങ്ങൾ നടത്തിയ ആക്രമണമായിരുന്നു; രണ്ടാമത്തേത് റഷ്യയിലെ രാജവാഴ്ച അനുകൂല, മുതലാളിത്ത അനുകൂല ഘടകങ്ങളുടെ ചെറുത്തുനിൽപ്പായിരുന്നു. പ്രാഥമികമായി ലിയോൺ ട്രോട്സ്കിയുടെ നിർദേശപ്രകാരം, സോവിയറ്റുകൾ ഒരു തൊഴിലാളികളെയും കർഷക സേനയെയും സൃഷ്ടിച്ചു, റെഡ് ആർമി, ഇത് പ്രതിവിപ്ലവ ശക്തികളെ പരാജയപ്പെടുത്തി.

10. ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് അമേരിക്കയിലെ പല രാജ്യങ്ങളിലും സ്ത്രീകൾ വോട്ടവകാശം നേടിയിരുന്നു. 21 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും വോട്ടവകാശം ഉറപ്പുനൽകുന്ന ഒരു ഫെഡറൽ ഭേദഗതി 1920 ഓഗസ്റ്റ് 26 ന് പാസാക്കി.എങ്കിലും 1960 മാത്രമാണ് അമേരിക്കൻ ഐക്യനാടുകളിൽ വോട്ടുചെയ്യുന്നതിന് തൊഴിലാളിവർഗത്തിനു നിയമപരമായ തടസ്സങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയത്.

11. 1918 ൽ കൈസറിന്റെ പതനത്തിനുശേഷം ജർമ്മനിയിൽ ഒരു പുതിയ മുതലാളിത്ത സർക്കാർ രൂപീകരിച്ച സോഷ്യൽ ഡെമോക്രാറ്റിക് നേതാക്കളാണ് “വിട്ടുവീഴ്ചക്കാർ” എന്ന് കൊളോണ്ടായി പരാമർശിക്കുന്നത്. അധികാരമേറ്റ ശേഷം അവർ പ്രതിവിപ്ലവത്തെ സജീവമായി പിന്തുണച്ചു.

12. പ്രഭുക്കന്മാരായ ലേഡി ആസ്റ്റർ ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി സേവനമനുഷ്ഠിച്ചപ്പോൾ, പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ഐറിഷ് വിപ്ലവകാരിയായ കോൺസ്റ്റൻസ് മാർക്കിവിച്ച്സ് ആയിരുന്നു. സിൻ ഫെയ്ൻ പാർട്ടിയിലെ മറ്റ് അംഗങ്ങൾക്കൊപ്പം സാമ്രാജ്യത്വ പാർലമെന്റിൽ ഇരിക്കാൻ അവർ വിസമ്മതിച്ചു.

13. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മാത്രമാണ് ഫ്രഞ്ച് സ്ത്രീകൾക്ക് ഒടുവിൽ വോട്ട് ലഭിച്ചത്.